Sunday, May 30, 2021

പ്രണയത്തിൻ അഗ്നിശലഭങ്ങൾ :

 


കുഞ്ഞുടുപ്പിലെ ചിത്രങ്ങൾ  ഒത്തിരി ഇഷ്ടത്തോടെ നോക്കി അവൾ അമ്മയോട് കൊഞ്ചി പറഞ്ഞു.


എനിച്ചും ഇതുപോലെ പൂച്ചയെ വേണം.


എന്നാൽ അമ്മ അവളെ ശ്രദ്ധിക്കുന്നില്ല കരഞ്ഞു തളർന്നിരിക്കുന്നു. ചുറ്റിലുമായി കുറെ സ്ത്രീകൾ ഉണ്ട് പലരും കരയുന്നുണ്ട്.

ഇതെല്ലാം കണ്ടുകൊണ്ട് പ്രിയ നിസംഗ ഭാവത്തിൽ അവളെ നോക്കി.


അമ്മ എന്തിനാ കരയുന്നെ അച്ഛനാണോ അവിടെ കിടക്കുന്നെ. ബെഡ്‌റൂമിൽ അല്ലെ ഉറങ്ങാ ഇതെന്താ അച്ഛൻ ഇവിടെ കിടന്നുറങ്ങുന്നേ.


അവളുടെ സംശയങ്ങൾ ഓരോനായി ചോദിച്ചുകൊണ്ടിരുന്നു. അമ്മ മറുപടി പറയുന്നില്ല.

പ്രിയ മോളെ അമ്മയുടെ അടുത്ത് നിന്ന് തന്റെ അടുത്തേക്ക് വലിച്ചു ചേർത്ത്  പിടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു.


അച്ഛൻ ഇനി വരില്ല മോളെ.


ആന്റിടെ പേരെന്താ


പ്രിയ,


അപ്പോഴേക്കും അവളുടെ അമ്മമ്മ വന്നു അവളെ എടുത്തു കൊണ്ടുപോയി. അച്ഛൻ ഇനി വരില്ല എന്ന് പ്രിയ പറഞ്ഞത് പ്രിയയുടെ തന്നെ ചെവിയിൽ ഇടിത്തീ പോലെ പതിച്ചു. ആദ്യം ഈ വാർത്ത കേട്ടപ്പോൾ ഉണ്ടായ അതേ സാഹചര്യംങ്ങളിലൂടെ കടന്നുപോവുകയാണെന്ന് അവൾക്ക് തോന്നി. ജിത്തുവിന്റെ ഭാര്യയുടെ കരച്ചിൽ കൂടുന്നത് അനുഭവപ്പെട്ടു. ചുറ്റുമുള്ളവർ ചിലർ കരയുന്നു ചിലർ അടക്കിപിടിച്ചു എന്തൊക്കെയോ പറയുന്നു. ചെവിയിൽ ശബ്ദകോലാഹലം സഹിക്കാനാവാതെ അവൾ ചെവിപൊത്തി. എന്നാലും കേൾക്കനുണ്ട് പെട്ടന്ന് എല്ലാം നിശബ്ദമാവുന്നത് പോലെ തോന്നി. കണ്ണുകളിൽ ഒരു വെള്ളിവെളിച്ചം കാണാം. താൻ ആരാണെന്നു പോലും പ്രിയ മറന്നുപോയി. കുറച്ചു നേരം കഴിഞ്ഞു ആരോ തന്റെ പുറത്ത് തട്ടുന്നതായി തോന്നി തിരിഞ്ഞു നോക്കി. ഇപ്പോൾ ആ വെളിച്ചം ഇല്ല നിശബ്ദമായ അന്തരീക്ഷമല്ല അതേ കരച്ചിലും സംസാരവും.


പ്രിയ നീ എഴുനേല്ക്ക്


അവളോട്‌ പറഞ്ഞുത് ആരാണ് അത് മനസ്സിലായില്ല. മനസ്സില്ലാ മനസ്സോടെ എഴുനേറ്റു അവർക്കൊപ്പം നടന്നു. അവർ ഉമ്മറത്തേക്ക് കൂട്ടി കൊണ്ടുപോയി.  നടന്നു നീങ്ങുമ്പോൾ ഭക്ഷണം കഴിക്കാറുള്ള സ്ഥലത്ത് ഉണ് മേശ ഒരു വശത്തേക്ക് മാറ്റിവച്ച് അവിടെ കിടക്കുന്നു ജിത്തു. തലക്കിൽ വിളക്കും വച്ചിട്ടുണ്ട്. നെറ്റിയിൽ ഭസ്മം തേച്ചിരിക്കുന്നു മാത്രമല്ല തലയിൽ കൂടി താടി വരെ തുണികൊണ്ട് കെട്ടിയിട്ടുമുണ്ട്. അവൻ സുഖ നിദ്രയിലാണ്.


പ്രിയയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വരുന്നില്ല. മനസ്സിൽ എന്തോ ഭാരം ഇരിക്കുന്നു. നടന്നു അവർ ഉമ്മറത്തു എത്തി.

കൂടെ വന്നവൾ ആരെയോ കൈകൊണ്ടു ആൾക്കൂട്ടത്തിൽ നിന്നും വിളിച്ചു. അടുത്ത് വന്നായാൽ ചോദിച്ചു


എന്താ പ്രിയ ഇത് എന്താ ഈ കാണുന്നത്.


ശബ്ദം കേട്ടപ്പോൾ ഓർമവന്നു ലോയിഡ് തന്നെ പിടിച്ചു കൊണ്ടുവന്നത് അവന്റ ഭാര്യ ധന്യ. ഇടിവെട്ടി പെയ്യാൻ കാത്തുനിൽക്കുന്ന ഇടവപാതിയിലെ കാർമേഘങ്ങൾ പോലെ പ്രിയയുടെ മുഖം കണ്ട ലോയിഡ് ഞെട്ടി. ധന്യ ലോയിൽഡ് നോട്‌ പറഞ്ഞു.


 ഒന്ന് കാർ ഓപ്പൺ ചെയ്യൂ ഇവൾ അവിടെ ഇരുന്നാൽ ശരിയാവില്ല ഞങ്ങൾ കാറിൽ ഇരിക്കാം.


കാറിന്റെ പുറകിൽ കയറി ധന്യ ചോദിച്ചു


നിനക്ക് കിടക്കണോ?


അവൾ ധന്യയുടെ തോളിലേക്ക് ചാഞ്ഞു.


നീ ഒന്ന് കരയ് എന്നാൽ എല്ലാം ശരിയാവും. ഇതിലും വലിയ സങ്കടഘട്ടങ്ങൾ കടന്നല്ലേ നീ വന്നത്.


ധന്യ അശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ അതിലൊന്നും അവൾക്ക് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു പക്ഷെ തന്നെ അശ്വസിപ്പിക്കാൻ ജിത്തുവിനു മാത്രമേ കഴിയു. പക്ഷെ ഇനി അത് ഉണ്ടാവില്ല എന്ന സത്യവും അവളുടെ മനസ്സിലൂടെ കടന്നുപോയി.


ജിത്തുവിനെ ആദ്യം കാണുന്നത് കോളേജിൽ വച്ചാണ്. കണ്ടപ്പോഴേ എന്തോ പ്രത്യേകത ഉണ്ടെന്ന് തോന്നി. പിന്നീട് സയൻസ് ഡിപ്പാർട്മെന്റിൽ നിന്ന് കോമേഴ്‌സ് ഡിപ്പാർട്മെന്റിലേക്ക് വന്ന് പരിചയപെട്ടതും എന്തും പറയാൻ വിധം അടുപ്പമായതും. അവനെ കാണാൻ വേണ്ടി സയൻസ് എടുത്താലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. എന്നാൽ അത് ജിത്തു സമ്മതിച്ചില്ല. അവനവൻ തിരഞ്ഞെടുത്തത് മറ്റൊരാളുടെ സ്വാധീനത്താൽ മാറ്റരുത് എന്നായിരുന്നു ജിത്തുവിന്റെ അഭിപ്രായം. കോളേജ് കാലഘട്ടം പകുതിയപ്പോൾ താൻ തന്നെയാണ് പ്രപ്പോസ് ചെയ്തത്. അന്ന് ജിത്തുവിന്റെ കണ്ണിൽ കണ്ട തിളക്കം ഒരിക്കലും ഒരാളിലും എവിടെയും കണ്ടിട്ടില്ല. അങ്ങനെ കലാലയ ജീവിതത്തിലെ പ്രണയം ശരിക്കും ആസ്വദിക്കുകയായിരുന്നു ഞങ്ങൾ. കോളേജ് ഗ്രൗണ്ടിൽ നിന്ന് കുറച്ചു മാറി പടർന്നു പന്തലിച്ചു നിൽക്കുന്ന ഞാവൽ മരത്തിന്റെ തറയിൽ ആയിരുന്നു സ്ഥിരം കണ്ടുമുട്ടാറുള്ളത് പ്രണയം പങ്കുവെക്കാറുള്ളതും പരിഭവങ്ങൾ തീർക്കാറുള്ളതും അവിടെ വച്ചായിരുന്നു. എന്ത് നല്ല നാളുകൾ പക്ഷെ പെട്ടെന്ന് ആ കാലഘട്ടം അവസാനിച്ചു, ഡിഗ്രി കഴിഞ്ഞു കലാലയത്തോടൊ പ്രണയത്തോടൊ ഉള്ള അതിയായ ഇഷ്ടം കാരണം പിജി യും കഴിഞ്ഞു. തങ്ങൾ അത്യാവശ്യം ജീവിതത്തെ ഗൗരവമായി കാണാൻ ഉള്ള പക്വത വന്നിരുന്നു. പലരും കോഴ്സ് കഴിയുന്നത്തോടെ പ്രണയവും ആ കലാലയത്തിൽ തന്നെ ഉപേക്ഷിച്ചു പോയവരായിരുന്നു. ലോയിഡ് കോമേഴ്‌സ് ഡിപ്പാർട്മെന്റിൽ തന്റെ സഹപാഠിയായിരുന്നു. ധന്യ അതേ ഡിപ്പാർട്മെന്റിലെ ജൂനിയറും. തങ്ങളുടെ പ്രണയം കണ്ടു പ്രചോദനമുൾക്കൊണ്ടാണ് അവർ പ്രണയിക്കുന്നത് എന്ന് രണ്ടുപേരും പറയാറുണ്ട്.

ഇപ്പോൾ ജോലിതേടി നടക്കുകയാണ് താനും ജിത്തുവും. ജിത്തു എന്തൊക്കെയോ ജോലി ചെയ്തു ഒന്നും ഒരു ക്രെഡിബിലിറ്റി ഉള്ളവയായിരുന്നില്ല. ഞാനന്ന് ബാങ്ക്ടെസ്റ്റ്‌കൾ ഒന്നും വിടാതെ എഴുതികൊണ്ടിരുന്നു. ജിത്തു മെഡിക്കൽ റപ്പ്ആയി കയറിയ അന്ന് തന്നെയാണ് എനിക്ക് ബാങ്ക് ഇന്റർവ്യൂ വന്നത്. ജീവിതം സുരക്ഷിതമായി എന്ന തോന്നലായിരുന്നു. പക്ഷെ ജീവിതത്തെ ആകെ ഉലച്ച ആ ദിവസം. താൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ആ ദിവസം. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. വീട്ടിൽ നിന്ന് 3കിലോമീറ്റർ അകലെയുള്ള അമ്പലത്തിൽ  ജിത്തുവിനോട് വരാൻ പറഞ്ഞു. ജിത്തുവിന്റെ വീട് അവിടെനിന്നും 10കിലോമീറ്റർ അകലെയാണ്. എന്നാലും എല്ലാം ആഴ്ചയും ഓടിയെത്തും എന്നെ കാണാൻ പാവം, സ്കൂട്ടർ ഓടിക്കുമ്പോഴും പ്രിയ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ജോലി കിട്ടിയതിൽ പിന്നെ തിരക്കാണ് എന്നേക്കാൾ കൂടുതൽ ജിത്തുവിന്. കഴിഞ്ഞ മാസം ലോയിഡിന്റെയും ധന്യയുടെയും കല്യാണത്തിന് കണ്ടപ്പോൾ എന്തോ ഒരു മാറ്റം ജിത്തുവിൽ കണ്ടു. പള്ളിയിൽ നിന്ന് കെട്ട് കഴിഞ്ഞു ഇറങ്ങുമ്പോൾ ജിത്തുവിനോടൊപ്പം നിന്ന് ഫോട്ടോയിൽ വരാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു താൻ. പക്ഷെ എന്താ അവൻ ഒഴിഞ്ഞു മാറിയത്.


ഞാൻ അന്ന് തന്നെ ലോയിഡിനോട് പറഞ്ഞു.


ടാ ലോയി ജിത്തു നു എന്തോ ഒരു മാറ്റം ഉണ്ട് നിനക്ക് തോന്നിയോ


നിനക്ക് വട്ടുണ്ടോ ജിത്തുനെ എനിക്കറിയില്ലേ അവൻ വല്ല ജോലി ടെൻഷനിലുമാവും.


ലോയിഡ്ന്റെ മറുപടിയിൽ തൃപ്തയായി പ്രിയ സ്വയം മനസ്സിൽ പറഞ്ഞു.

അതേ എന്റെ ജിത്തുനെ എനിക്കറിയില്ലേ ഞാൻ എന്തൊക്കെയാ അന്ന് ചിന്തിച്ചു കൂട്ടിയെ എന്നാലോചിച്ചു ചമ്മലോടെ ചിരിച്ചു. ഒരാഴ്ചക്കു ശേഷം കാണാൻ പോവുകയാണെങ്കിലും ഒരുപാട് കാലം കാണാതെ ഇരുന്നത് പോലെ തോന്നി. കണ്ടാൽ താൻ അറിയാതെ ജിത്തുവിനെ കെട്ടിപിടിച്ചു കളയുമോ എന്ന് പേടിച്ചു. അമ്പലം എത്തിയതും സ്ഥലകാലബോധം വന്നത്. താൻ വന്ന വഴികൾ ഒന്നും ഓർമയില്ല ഗാഡമായ ചിന്തകളിലായിരുന്നു. ചുറ്റും കണ്ണോടിച്ചു അവൻ വന്നിട്ടില്ല വിളിച്ചു നോക്കി.


പ്രിയ ഞാൻ ഇറങ്ങുന്നേ ഉള്ളു, നീ തൊഴുതു നിന്നോ ഞാൻ അപ്പോഴേക്കും വരാം.


സ്കൂട്ടർ സ്റ്റാൻഡിൽ നിർത്തി അമ്പലത്തിലേക്ക് നടന്നു. ഈശ്വരനോട് പ്രാർത്ഥിക്കാൻ ഒരേഒരു വിഷയമേ ഉണ്ടായിരുന്നുള്ളു. പുറത്ത് വന്ന് കുറച്ചു നേരം ആയപ്പോഴേക്കും ജിത്തു വന്നു പുതിയ കാറിൽ. അവൾ ആശ്ചര്യത്തോടെ നോക്കി അടുത്തേക്ക് ഓടിച്ചെന്നു ചോദിച്ചു


കാർ എന്ന് വാങ്ങി?


ഓ നാല് ദിവസമായി


അത്ര താല്പര്യമില്ലാതെ പറയുന്നപോലെ തോന്നി.


എന്നിട്ടെന്തേ എന്നോട് പറഞ്ഞില്ല സർപ്രൈസ് തരാനായിരുന്നോ?


അവൻ ഒന്നും മിണ്ടുന്നില്ല തന്നെ കാണുമ്പോൾ ഉണ്ടാവാറുള്ള സന്തോഷം കാണാൻ ഇല്ല. എന്തോ പ്രശ്നം ജിത്തുവിനെ അലട്ടുന്നുണ്ടെന്ന് പ്രിയക്ക് മനസ്സിലായി അവൾ ചോദിച്ചു.


എന്തുപറ്റിയടാ നിനക്ക് ജോലിഭാരം കൂടുതലാണോ? നിനക്ക് സാറ്റിസ്‌ഫൈ അല്ലെങ്കിൽ നീ റിസൈൻ ചെയ്യ് വേറെ ജോലി നോക്കാം. തത്കാലം എനിക്ക് ജോലി ഉണ്ടല്ലോ നമ്മൾ തീരുമാനിച്ചത് പോലെ മുന്നോട്ടു പോവാം. മാത്രമല്ല എനിക്ക് ഒരു വർഷം കഴിഞ്ഞാൽ സ്വന്തം ജില്ലയിലേക്ക് ട്രാൻസ്ഫർ കിട്ടും.


ഇതൊക്കെ പറയുമ്പോഴും ജിത്തുവിന്റെ ശ്രദ്ധ വേറെ എന്തിലോ ആണെന്ന് പ്രിയക്ക് മനസ്സിലായി. അവന്റെ മുഖത്ത് കൈവെച്ച് തന്റെ മുഖത്തേക്ക് തിരിച്ചു കൊണ്ട് അവൾ ചോദിച്ചു


ജിത്തു നീ ഓക്കേ അല്ലെ.


അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി അവനു ആ കണ്ണുകളിൽ നോക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല തല വീണ്ടും തിരിച്ചു എന്നിട്ട് പറഞ്ഞു.


പ്രിയ നമ്മൾ വിചാരിക്കും പോലെയല്ല ജീവിതം. പലതും നമ്മൾ face ചെയ്യേണ്ടതായി വരും. നിനക്ക് അറിയാലോ ഞാൻ ജോലി ചെയ്യുന്ന കമ്പനി അത് ഡോക്ടർ രാംകുമാർ സാറിന്റെയാണ്. ഞാൻ അവിടെ ജോലിക്ക് ചേർന്ന് ഒരുവർഷമാവുന്നു. കമ്പനിയുടെ ഗ്രോത്ത് എന്നെ അങ്ങേരുടെ പ്രിയപ്പെട്ടവനാക്കിമാറ്റി. നീ അറിയും രഞ്ജിനി നമ്മുടെ ജൂനിയറായിരുന്നു. അവൾ രാംകുമാർ സാറിന്റെ മോളാണ്. സാറ് ഒരു പ്രപ്പോസൽ വച്ചു മോളെ കല്യാണം കഴിക്കാൻ. ഞാൻ കഴിയും വിധം എല്ലാം ഒഴിഞ്ഞു മാറി. പക്ഷെ ഊരിപോരാൻ പറ്റാത്തവിധം ഞാൻ അവിടെ പെട്ടുപോയി പ്രിയ. നീ എന്നോട് ക്ഷമിക്കണം നമ്മൾ സ്വപ്നം കണ്ടതുപോലെ ഒരു ജീവിതം ഉണ്ടാവില്ല.


എല്ലാം ജിത്തു ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

ചെവിയിൽ ശബ്ദങ്ങൾ നിലക്കുന്നതായി തോന്നി പ്രിയക്ക് കണ്ണുകളിൽ ഒരു വെള്ളിവെളിച്ചം. കുറെ നേരം ബ്ലാങ്ക് ആയി താൻ എവിടെയാണ് എന്നുപോലും മറന്നുപോയി. പ്രിയ എന്ന് ജിത്തുവിന്റെ വിളി എവിടെനിന്നോ കേൾക്കുന്നത് പോലെ തോന്നി. ജിത്തു തന്റെ തോളിൽ തട്ടുന്നുണ്ടായിരുന്നു.പ്രിയ ചുറ്റും നോക്കി. ജിത്തുവിനെ നോക്കി അവന്റ കണ്ണുകൾ കലങ്ങിയിരിക്കുന്നു. എന്തോ തനിക്ക് കണ്ണുനീർ വരുന്നില്ല പ്രിയ തിരിച്ചറിഞ്ഞു, അവൾ പറഞ്ഞു.


നന്നായി ജിത്തു അവിടെ നിന്ന് ഊരിപോരാൻ പറ്റില്ല അല്ലെ. എന്റെ അടുത്ത് നിന്ന് നമ്മൾ കണ്ട സ്വപ്നങ്ങളിൽ നിന്ന് നിനക്ക് എളുപ്പം ഊരി പോവാമല്ലോ.


അവൾ ജിത്തുന്റെ മുഖത്തു നിന്ന് കാറിലേക്ക് നോക്കി.


നീ നിന്റെ കറിയർ ബിൽഡ് ചെയ്യാൻ വേണ്ടി ഉപേക്ഷിക്കുന്നത് എനിക്കും നിനക്കും ഏറ്റവും പ്രിപ്പെട്ടവയാണ്. ആ സ്വപ്നങ്ങളുടെ ശവപറമ്പിലാണ് നീ നിന്റെ കറിയറിന്റെ സൗദങ്ങൾ പണിയാൻ പോകുന്നത്.


പ്രിയ ജിത്തുവിൽ നിന്ന് തിരിഞ്ഞു നടന്നു. അവളുടെ സ്കൂട്ടറിന് അരികിൽ എത്തി. സ്കൂട്ടറിൽ കയറും മുമ്പ് ജിത്തുവിനെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.


ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്തത് മറ്റൊരാളുടെ സ്വാധീനം കൊണ്ട് ഉപേക്ഷിക്കരുത് എന്ന് നീ പഠിപ്പിച്ച പാടമാണ് ഞാൻ ഇന്നും അത് പാലിക്കുന്നു.


അവൾ സ്കൂട്ടർ start ചെയ്തു തിരിച്ചു പോയി. ഈ യാത്രയിലും അവൾ ചിന്തകളിലാണ്. വരുമ്പോൾ സന്തോഷത്തിന്റെ ചിന്തകലായിരുന്നു എങ്കിൽ ഇപ്പോൾ നിസ്സംഗതയുടെ ആവരണമാണ് മനസ്സിൽ.


കഴുത്തിൽ എന്തോ മുറുകുന്നത് പോലെ തോന്നി പ്രിയ വളരെ കഷ്ടപ്പെട്ട് തല ഉയിർത്തി നോക്കി. ധന്യയുടെ തോളിൽ തല ചായ്ച്ചു കിടന്നു കഴുത്തിൽ വേദന അനുഭവപ്പെടുന്നു. അവർ ഇരുവരും കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. ആരൊക്കെയോ ചേർന്ന് വെള്ളത്തുണിയിൽ പൊതിഞ്ഞു എടുത്തു കൊണ്ടുവരുന്നു ജിത്തുവിനെ. മുറ്റത്തു കിടത്തി എന്തൊക്കെയോ ചൊല്ലുന്നും ചെയ്യുന്നുമുണ്ട് അവർ അവസാനം വീണ്ടും എടുത്തു വീടിന്റെ തെക്കേ വശത്തേക്ക് കൊണ്ടുപോവുന്നു  അവിടെയാണ് ചിത. ധന്യ ചോദിച്ചു.


നിനക്ക് അങ്ങോട്ട്‌ പോണോ പ്രിയ?


പ്രിയ മറുപടി പറഞ്ഞില്ല പക്ഷെ ധന്യ പ്രിയയെ ചിതക്ക് അരികിലേക്ക് നടത്തിച്ചു. ചിതക്ക് തീ കൊളുത്തിയിരിക്കുന്നു. അതിൽ നിന്ന് അഗ്നി ചിത്രശലഭങ്ങൾ പുറത്തേക്ക് പാറുന്നു. അത്  പ്രിയയുടെ മനസ്സിൽ പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോയി.


ഞാവൽ മരച്ചുവട്ടിൽ വച്ച്, നിന്റെ സാമീപ്യംമാണ് എന്റെ സുരക്ഷിതത്വം എന്ന് പറഞ്ഞു ഞാൻ നിന്നിലേക്ക് ചായുമ്പോൾ നിന്റെ നിശ്വാസങ്ങൾ ഒരു ചിത്രശലഭത്തിന്റ ചിറകടി പോലെ എന്റെ മുഖത്തേക്ക് വന്നുപതിക്കുമായിരുന്നു. ആ സമയം നമ്മുടെ മൗനം അത് മനസ്സുകൾ അറിഞ്ഞിരുന്നില്ല മനസ്സുകൾ പരസ്പരം സംസാരിച്ചിരുന്നു.  ആകാശത്തേക്ക് പറത്തിവിട്ട പട്ടം പോലെ ഒരുപാട് സ്വപ്‌നങ്ങൾ പാറികളിച്ചിരുന്നു. നമ്മൾ പിരിഞ്ഞ ശേഷം ഞാൻ നമ്മുടെ കലാലയത്തിലെ ഞാവൽ മരച്ചുവട്ടിൽ  പോയി ഇരിക്കാറുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലത്തേക്ക് നീ ഒരിക്കലെങ്കിലും വരുമല്ലോ എന്നോർത്ത്. നീ ഈ ലോകത്തോട് വിടപറഞ്ഞു പോകുമ്പോൾ ഈ കത്തിയമരുന്ന മാവിൻ തടികളിൽ ആ ഞാവൽ മരത്തിന്റെ ഒരു ചുള്ളികമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നി പോകുന്നു. നിന്റെ മനസ്സിന്റെ ചിതയിൽ ഞാനെന്ന പ്രണയം എരിഞ്ഞടങ്ങുമ്പോൾ ഒരിക്കലും ഞാൻ നിന്നെ ശപിച്ചിട്ടില്ല ജിത്തു. എന്നെ അന്ധകാരത്തിൽ ആഴ്ത്തി നീ പോയെങ്കിലും നീയെന്ന പ്രണയം അത് എന്നിലൂടെ ഇന്നും ജീവിക്കുന്നു. നീ ക്രൂരനാണ് ജിത്തു ഒരിക്കൽ എന്റെ പ്രണയത്തെ ഉപേക്ഷിച്ചു നീ നിന്റെ സുഖങ്ങൾ തേടി പോയി. അവിടെയും നിനക്കുണ്ടായിരുന്നു നല്ലൊരു ഭാര്യയും ചിത്രശലഭം പോലെ സുന്ദരമാർന്ന ഒരു മകളും. നിന്റെ ഈ യാത്ര അവരെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് നീ അറിയുന്നുണ്ടോ. പ്രിയയുടെ മനസ്സിൽ കടലിരമ്പികൊണ്ടിരുന്നു.


ലോയിഡും ധന്യയും ഇരുവശങ്ങളിലും പിടിച്ചു പ്രിയയെ തിരിഞ്ഞു നടത്തിച്ചു. കാറിന്റെ അടുത്ത് എത്തിയപ്പോൾ അവൾ ജിത്തുവിന്റെ കരഞ്ഞവശയായ ഭാര്യ രഞ്ജിനിയെയും കുഞ്ഞിനേയും നോക്കി. രഞ്ജിനി അടുത്ത് വന്നു പ്രിയയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.


നിങ്ങളുടെ കാര്യം കോളേജിലെ എല്ലാവരെയും പോലെ എനിക്കും അറിയാമായിരുന്നു. എനിക്ക് നിങ്ങളോട്  അസൂയയായിരുന്നു ജിത്തുവിനെ സ്വന്തമാക്കണം എന്ന് ഞാൻ ആഗ്രഹിച്ചു.


പ്രിയയുടെ തോളിൽ നിന്ന് മുഖമുയർത്തി പ്രിയയുടെ രണ്ടു കൈകളും പിടിച്ചു രഞ്ജിനി വിതുമ്പലോടെ വീണ്ടും പറഞ്ഞു.


എന്റെ പിടിവാശിക്കു മുന്നിൽ അച്ഛൻ വഴങ്ങി. നിന്നോട് ചെയ്ത തെറ്റിന് ദൈവം തന്ന ശിക്ഷയായിരിക്കും ഇത്, പ്രിയ എന്നോട് ക്ഷമിക്കണം. 


പ്രിയക്ക് എന്തോ പറയണം എന്നുണ്ടായിരുന്നു പക്ഷെ വാക്കുകൾ ഒന്നും പുറത്ത് വരുന്നില്ല. അപ്പോൾ തന്റെ കവിൾതടത്തിലൂടെ അഗ്നിചാലുകൾ ഒഴുകുന്നത് പ്രിയ അറിയിന്നുണ്ടായിരുന്നു.

@ch_haran (charan)

No comments: