Pages

Monday, December 7, 2009

കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ കേരള പോലീസ്‌ ഭീകരര്‍ക്ക്‌ ചോര്‍ത്തി

കോഴിക്കോട്‌: കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ ഭീകരരെപ്പറ്റിയുള്ള വിവരങ്ങള്‍ കേരളാ പോലീസ്‌ ഭീകരര്‍ക്ക്‌ ചോര്‍ത്തി നല്‍കിയതായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍ പറഞ്ഞു. 2008 നവംബര്‍ ആദ്യവാരം സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ തലവന്‍ സംസ്ഥാന ആഭ്യന്തരസെക്രട്ടറിക്കും ഡിജിപിക്കും നല്‍കിയ സുപ്രധാന കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കി ഭീകരര്‍ക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കിയതായും സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നസീറിന്റെ അറസ്റ്റ്‌ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയില്ലെന്ന്‌ പറയുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പോലീസ്‌ രാജ്യരക്ഷയെ ബാധിക്കുന്ന സുപ്രധാന വിവരങ്ങളാണ്‌ ഒരു മലയാളപത്രത്തിന്‌ ചോര്‍ത്തി നല്‍കിയത്‌. കേരളം കേന്ദ്രീകരിച്ച്‌ ഭീകരപ്രവര്‍ത്തനം നടത്തുന്ന 23 കൊടുംഭീകരരുടെ പേരുവിവരങ്ങളും താമസസ്ഥലങ്ങളും അടങ്ങുന്ന രഹസ്യ റിപ്പോര്‍ട്ടാണ്‌ കേന്ദ്രം കൈമാറിയത്‌.


ഔദ്യോഗിക രഹസ്യനിയമത്തിന്റെ സെക്ഷന്‍ 3 സിയുടെ ലംഘനം നടത്തി ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ നവംബര്‍ 15ന്‌ ഒരു മലയാള പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഭീകരരെല്ലാം രക്ഷപ്പെട്ടത്‌. സിഎഎം ബഷീര്‍, തടിയന്റവിട നസീര്‍, അബ്ദുള്‍ സത്താര്‍ എന്നിവരെല്ലാം സംസ്ഥാനത്തുനിന്നും രക്ഷപ്പെട്ടത്‌ വിവരം പുറത്തായതിനെ തുടര്‍ന്നാണ്‌. രഹസ്യവിവരം പത്രത്തിനു ചോര്‍ത്തി നല്‍കിയ പോലീസ്‌ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തരവകുപ്പ്‌ എന്ത്‌ അന്വേഷണം നടത്തിയെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

ഐജി ടോമിന്‍ തച്ചങ്കരിയെ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാനയച്ചതില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായും കെ. സുരേന്ദ്രന്‍ പറഞ്ഞു. കാശ്മീര്‍ തീവ്രവാദക്കേസിനെ തുടര്‍ന്ന്‌ ഭീകരവാദക്കേസുകള്‍ അന്വേഷിക്കാന്‍ കേരളത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിലവിലുണ്ട്‌. എന്നാല്‍ ഡിഐജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയെ നസീറിനെ ചോദ്യം ചെയ്യാനയക്കാതെ ഭീകരവാദക്കേസുകള്‍ കൈകാര്യം ചെയ്തു പരിചയമില്ലാത്ത ടോമിന്‍ ജെ. തച്ചങ്കരിയെ അയച്ചതില്‍ ദുരൂഹതയുണ്ട്‌.

കേരള പോലീസിലെ ഏറ്റവും മോശം ട്രാക്ക്‌ റിക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ്‌ തച്ചങ്കരി. 4 പാസ്പോര്‍ട്ടുകള്‍ ഒരേസമയം കൈവശം വെച്ച കേസും സര്‍വീസ്‌ ചട്ടം ലംഘിച്ച്‌ 1276 തവണ വിദേശയാത്ര നടത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ തച്ചങ്കരിക്കുനേരെ ഉയര്‍ന്നിട്ടുള്ളതാണ്‌. സിപിഎം സഹയാത്രികനും പാര്‍ട്ടിക്കുവേണ്ടി വിടുപണി ചെയ്യുന്നയാളുമായ തച്ചങ്കരിയെ കേസ്‌ ഏല്‍പ്പിച്ചത്‌ കേസന്വേഷണം മദനിയിലേക്കും കുടുംബത്തിലേക്കും ചെന്നെത്തുന്നത്‌ തടയാനാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

No comments: